20 November, 2025 06:46:22 PM
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ല- സുപ്രീംകോടതി

ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജുഡീഷ്യല്‍ ഉത്തരവിലൂടെ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്ന് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ അംഗീകാരം നല്‍കാന്‍ സമയപരിധി നിശ്ചയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് സുപ്രീം കോടതി നിയമ വ്യക്തത വരുത്തിയത്.
അംഗീകാരം നല്‍കാത്ത ബില്ലുകള്‍ അംഗീകരിക്കപ്പെട്ടതായി കണക്കാക്കുമെന്ന ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. ബില്ലുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും തീരുമാനമെടുക്കുന്നതില്‍ വിവേചനാധികാരമുണ്ട്. ഓരോ ബില്ലിന്മേലും രാഷ്ട്രപതി സുപ്രീംകോടതിയുടെ നിര്‍ദേശം തേടേണ്ടതില്ല. വ്യക്തമായ കാരണങ്ങളില്ലാതെ ഗവര്‍ണര്‍മാര്‍ അംഗീകാരം നല്‍കാതെ ബില്ലുകള്‍ പിടിച്ചുവെക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ബില്‍ പാസ്സാകാതെ കോടതിക്ക് ഇടപെടാനാകില്ല. അംഗീകാരം ലഭിച്ച ബില്ലുകളിലാണ് ജുഡീഷ്യല്‍ റിവ്യൂ നടത്താനാകൂ. അതേസമയം ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ വിവേചനപൂര്‍ണമായി തീരുമാനമെടുക്കണം. അകാരണമായി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ പിടിച്ചുവെക്കുന്നത് ഫെഡറല്‍ സംവിധാനത്തിന് എതിരാണ്. അംഗീകാരം നല്‍കാത്ത ബില്ലുകള്‍ ഒന്നുകില്‍ രാഷ്ട്രപതിക്ക് അയക്കാം. അല്ലെങ്കില്‍ ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ നിയമസഭയ്ക്ക് മടക്കി അയക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രസിഡന്‍ഷ്യല്‍ റഫറന്‍സിലാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്ത ചീഫ് ജസ്റ്റിസായ സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രംനാഥ്, പി എസ് നരസിംഹ, എ എസ് ചന്ദുര്‍ക്കര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നത്. കേസില്‍ 10 ദിവസമാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്.
പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ്, നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.




