15 November, 2025 07:01:50 PM
അരയാലുകളുടെ അമ്മയ്ക്ക് യാത്രാമൊഴി; മരണം 114-ാം വയസിൽ
- പി.എം. മുകുന്ദൻ

തൃശൂര്‍: അരയാലുകളുടെ അമ്മ എന്നറിയപ്പെടുന്ന കർണാടകയിലെ പ്രമുഖ പരിസ്ഥിതിപ്രവർത്തക സാലുമരദ തിമ്മക്ക(114) വിടവാങ്ങി. ബെംഗളൂരുവിലെ സ്വകാര്യാശുത്രിയിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 'വൃക്ഷമാതെ' (മരങ്ങളുടെ അമ്മ) എന്നും ഇവർ അറിയപ്പെട്ടിരുന്നു. 2019-ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചു..
ബെംഗളൂരു-നെലമംഗല ഹൈവേയിൽ ഹുളികൽ മുതൽ കുഡൂർവരെ നാലര കിലോമീറ്ററിൽ 384 ആൽമരങ്ങൾ വെച്ചുപിടിപ്പിച്ചതാണ് തിമ്മക്കയുടെ പ്രധാന സംഭാവന. ഇന്ന് അഞ്ഞൂറു കോടിയിലധികം മതിപ്പ് വിലവരുന്ന മരങ്ങളാണിവിടെയുള്ളത്. ഇവർ വെച്ചുപിടിപ്പിച്ച നൂറുകണക്കിന് മരങ്ങൾ വേറെയുമുണ്ട്.
ദിവസവും ബക്കറ്റുമായി കിലോമീറ്ററുകളോളം നട ന്ന് അരയാലിൻതൈകൾക്ക് വെള്ളമൊഴിച്ച് സംരക്ഷി ച്ച തിമ്മക്കയ്ക്ക് നാട്ടുകാർ നൽകിയ വിളിപ്പേരാണ് സാലു മരദ. 'നിരയായി നിൽക്കുന്ന മരങ്ങൾ' എന്നാണ് ഈ കന്നട വാക്കിന്റെ അർഥം. 2016-ൽ ബിബിസിയുടെ ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള വനിതകളുടെ പട്ടികയിൽ ഇടംപിടിച്ചു. തുമകൂരു ജില്ല യിലെ ഗുബ്ബി താലൂക്കിലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത തിമ്മക്ക ബാല്യത്തിൽത്തന്നെ കാലിവളർത്തു കാരനായ ബെകൽ ചിക്കയ്യയെ വിവാഹം ചെയ്തു. തുടർന്ന് ഭർത്താവിന്റെ നാടായ രാമനഗര ജില്ലയിലെ ഹുളികൽ ഗ്രാമത്തിലായിരുന്നു താമസം.
വിവാഹം കഴിഞ്ഞ് 25 വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാർ ആ വിഷമം മറക്കാനാണ് അരയാൽ തൈകൾ വെച്ചുപിടിപ്പിച്ചുതുട ങ്ങിയത്. പിന്നീട് ഇവരുടെ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. ഇവരെക്കുറിച്ചുള്ള കവിത സിബിഎസ്ഇ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദത്തുപുത്രൻ: ഉമേഷ്.




