14 November, 2025 08:58:31 AM


ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി; എന്‍ഡിഎ ലീഡ് നൂറ് കടന്നു



പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റല്‍ ബാലറ്റുകള്‍. സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഒന്‍പതുമണിയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും. രണ്ട് മണിയോടെ ചിത്രം പൂര്‍ണമായും വ്യക്തമായേക്കും. ഒരുറൗണ്ടില്‍ 14 ഇവിഎമ്മുകള്‍ എന്നകണക്കിലാണ് എണ്ണല്‍ പുരോഗമിക്കുക. എല്ലാ എക്സിറ്റ് പോളുകളും ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എന്‍ഡിഎ വിജയമാണ് പ്രവചിക്കുന്നത്.

എന്നാല്‍ എക്സിറ്റ് പോളുകളെ തള്ളുന്ന വിധിയായിരിക്കും വരിക എന്നാണ് മഹാസഖ്യവും അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും അവകാശപ്പെടുന്നത്. ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയര്‍ന്ന പോളിങ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യ നേതാക്കള്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ മുന്‍തൂക്കത്തില്‍ പൂര്‍ണ്ണ ആത്മവിശ്വാസമാണ് എന്‍ഡിഎ നേതാക്കള്‍ പങ്കുവെക്കുന്നത്.എക്‌സിറ്റ് പോളുകള്‍ യഥാര്‍ത്ഥ ജനഹിതം എന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്.

നിതീഷ് കുമാറിന്റെ ജെഡിയുവുവിന്റെയും ബിജെപിയുടേയും നേതൃത്വത്തിലുള്ള എന്‍ഡിഎയും തേജസ്വി യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന ഇന്ത്യാ മുന്നണിയും തമ്മിലാണ് പ്രധാന പോരാട്ടം. 243 മണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പില്‍ 66.91 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 20 വര്‍ഷത്തിനുശേഷം നടന്ന റെക്കോര്‍ഡ് പോളിങ് ആണിത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940