13 November, 2025 12:17:24 PM
ബസിന്‍റെ ടയര്‍ പൊട്ടി ഉഗ്രശബ്ദം; സ്‌ഫോടനമെന്ന് ഭയന്ന് ഡല്‍ഹി നിവാസികള്‍

ന്യഡല്‍ഹി: ബസിന്‍റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഉഗ്രശബ്ദം ഡല്‍ഹി നിവാസികളെ പരിഭ്രാന്തരാക്കി. ഡല്‍ഹിയിലെ മഹിപാല്‍ പൂരിലാണ് ഇന്ന് രാവിലെ ബസ്സിന്റെ ടയര്‍പൊട്ടി ഉഗ്രശബ്ദമുണ്ടായത്. കഴിഞ്ഞ ദിവസം ചെങ്കൊട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ സ്‌ഫോടനമാണെന്ന് കരുതിയാണ് പ്രദേശവാസികള്‍ പരിഭ്രാന്തരായത്.
രാവിലെ ശബ്ദം കേട്ട ഉടനെ നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ സര്‍വീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഫോണ്‍ വിളിച്ചയാളെ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഗുരുഗ്രാമിലേക്ക് പോകുകയാണെന്നും ആ സമയത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനാല്‍ അറിയിക്കുമായിരുന്നു എന്ന് അയാള്‍ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ധൗല കുവാനിലേക്ക് പോവുകയായിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന്റെ പിന്നിലെ ടയര്‍ പൊട്ടിയതാണെന്നും ആ ശബ്ദമാണ് കേട്ടതെന്നും കണ്ടെത്തി. ഇക്കാര്യം പൊലീസ് അറിയിക്കുകയും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു.




