12 November, 2025 07:47:35 PM
ഡൽഹി സ്ഫോടനം; ചുവന്ന ഫോർഡ് എക്കോ സ്പോർട്ടസ് കാർ കണ്ടെത്തി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പൊലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ വാങ്ങിയ ചുവപ്പ് ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറാണ് പൊലീസ് കണ്ടെത്തിയത്. ഹരിയാനയിലെ ഫാം ഹൗസില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വാഹനത്തിന്റെ രണ്ടാമത്തെ ഉടമയാണ് ഉമര്‍. ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഹരിയാനയിലെ ഫാംഹൗസില്‍ നിന്ന് കാർ കണ്ടെത്തിയത്.
DL10 CK 0458 ആണ് ചുവന്ന കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. ഈ രണ്ട് കാറുകള്‍ കൂടാതെ മൂന്നാമത് ഒരു കാര്‍ കൂടി ഉമറിന്റെ ഉടമസ്ഥതയിലുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇത് കണ്ടെത്തുന്നതിനായും പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. കാര്‍ വാങ്ങുന്നതിനായി ഉമര്‍ നല്‍കിയത് ഡല്‍ഹിയില്‍ നിന്നുള്ള വ്യാജ വിലാസം ആണെന്ന് പൊലീസ് കണ്ടെത്തി. ഉമര്‍ കാര്‍ വാങ്ങാന്‍ ഉപയോഗിച്ച വിലാസത്തിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും കാര്‍ കണ്ടെത്താനായിരുന്നില്ല.




