12 November, 2025 02:54:17 PM


മാതാവിന് ചെലവിനു നൽകേണ്ടത് മക്കളുടെ കടമ, ഒളിച്ചോടാൻ ആകില്ല- ഹൈക്കോടതി



കൊച്ചി: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്ന് മക്കള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്ന കാരണത്താല്‍ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഭര്‍ത്താവ് ചെലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ് ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്ക്ക് ജീവനാംശം നല്‍കാന്‍ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതി ഉത്തരവിനെതിരെ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ വിധി.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന മകന് മാസം രണ്ടു ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതിനാല്‍ തനിക്ക് മാസം 25,000 രൂപ വീതം ചിലവ് ഇനത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പൊന്നാനി സ്വദേശിയായ 60 വയസ്സുകാരിയാണ് കുടുംബ കോടതിയെ സമീപിച്ചത്. തനിക്ക് ഒരുവിധത്തിലുള്ള വരുമാനവുമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് 5,000 രൂപ അമ്മയ്ക്ക് മാസം തോറും നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടു.

മകന്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അമ്മ പശുവിനെ വളര്‍ത്തുന്നുണ്ടെന്നും ഇതില്‍ നിന്ന് നല്ല ആദായം ലഭിക്കുന്നുണ്ടെന്നുമാണ് മകന്‍ വാദിച്ചത്. മാത്രമല്ല, വയോധികയുടെ ഭര്‍ത്താവിന് സ്വന്തമായി മത്സ്യബന്ധന ബോട്ടുണ്ടെന്നും അദ്ദേഹം അമ്മയ്ക്ക് ചെലവിന് നല്‍കുന്നുണ്ടെന്നും അതിനാല്‍ താന്‍ പണം നല്‍കണമെന്ന കാര്യം നിയമപരമായി നിലനില്‍ക്കില്ല എന്നുമാണ് മകന്‍ വാദിച്ചത്.

തുടര്‍ന്നാണ് ബിഎന്‍എസ്എസ് സെക്ഷന്‍ 144 അനുസരിച്ച് മക്കളില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അമ്മയ്ക്ക് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ഭര്‍ത്താവ് സംരക്ഷിക്കുന്നുണ്ടോ എന്നത് മക്കള്‍ ചെയ്യേണ്ട കാര്യത്തില്‍ നോക്കേണ്ടതില്ല. അങ്ങനെ ഉണ്ടെങ്കില്‍ പോലും മക്കളില്‍ നിന്ന് ചെലവിനത്തില്‍ അമ്മയ്ക്ക് അവകാശപ്പെടാന്‍ കഴിയും. അതിനാല്‍ ഭര്‍ത്താവ് ചെലവിനു നല്‍കുന്നതിനാല്‍ താന്‍ നല്‍കേണ്ടതില്ല എന്ന മകന്റെ വാദം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. താന്‍ പശുവിനെ വളര്‍ത്തുന്നില്ലെന്നും വരുമാനമൊന്നും ഇല്ലെന്നുമാണ് വയോധിക പറഞ്ഞിരിക്കുന്നത്. തനിക്ക് ഭാര്യയും കുഞ്ഞും ഉള്ളതിനാല്‍ അവരെ നോക്കണമെന്നാണ് മകന്‍ പറഞ്ഞിരിക്കുന്ന മറ്റൊരു ന്യായം.

അമ്മ പശുവിനെ വളര്‍ത്തുന്നതിനാല്‍ ആവശ്യത്തിന് ആദായം ലഭിക്കുന്നുണ്ടെന്ന മകന്റെ വാദം ആദ്യമേ തന്നെ തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി. ജീവിക്കണമെങ്കില്‍ അമ്മ പശുവിനെ വളര്‍ത്തി വരുമാനമുണ്ടാക്കണമെന്ന് മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുന്ന ഒരു മകന്‍ പറയുന്നത് ദൗര്‍ഭാഗ്യകരവും അനുചിതവുമാണ്. ശാരീരികാധ്വാനം വേണ്ട ജോലിയാണ് പശുവിനെ വളര്‍ത്തല്‍. 60 വയസായ അമ്മ അത്തരമൊരു ജോലി ചെയ്തു ജീവിക്കണമെന്ന് പറയുന്നത് മകന്റെ ഭാഗത്തു നിന്നുള്ള ധാര്‍മിക പരാജയവും അമ്മയുടെ അന്തസിനെ പോലും പരിഗണിക്കാത്തതുമാണ്. 

മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുന്ന മകനെ ആശ്രയിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന, അതിന് അര്‍ഹതപ്പെട്ട അമ്മയ്ക്ക് ശ്രദ്ധയോ പിന്തുണയോ ബഹുമാനമോ മകന്‍ നല്‍കുന്നില്ല എന്ന് വ്യക്തമാണ്. തനിക്ക് ഭാര്യയും കുഞ്ഞും ഉള്ളതിനാല്‍ അവരെ നോക്കണമെന്നാണ് മകന്‍ പറയുന്നത്. എന്നാല്‍ അത് തന്റെ പ്രായമായ മാതാപിതാക്കളെ നോക്കുന്ന ബാധ്യതയില്‍ നിന്ന് മകനെ ഒഴിവാക്കുന്നില്ല. അതിനാല്‍ 5,000 രൂപ മാസം അമ്മയ്ക്ക് നല്‍കണമെന്നുള്ള കുടുംബ കോടതി വിധി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K