11 November, 2025 09:25:27 AM


ഡൽഹി സ്ഫോടനം: പൊട്ടിത്തെറിച്ചത് ഹ്യൂണ്ടായി ഐ20; കാറിൻ്റെ മുൻ ഉടമ അറസ്റ്റിൽ



ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. സ്‌ഫോടനത്തിന് കാരണമായ ഹരിയാന രജിസ്‌ട്രേഷനിലുള്ള i20 ഹ്യുണ്ടായ് കാറിന്റെ ഉടമയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കാര്‍ മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഇയാള്‍ പുല്‍വാമയിലെ താരിഖ് എന്നയാള്‍ക്ക് കാര്‍ വിറ്റെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാര്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വ്യാജ രേഖകള്‍ നിര്‍മിച്ചെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ കാറിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

എന്നാല്‍ സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സല്‍മാന്‍ എന്ന ഗുരുഗ്രാം നിവാസിയുടെ പേരിലാണ് വാഹനമെന്നും ഇത് സല്‍മാന്‍ വിറ്റ കാറാണെന്നും ഗുരുഗ്രാം പൊലീസ് വക്താവ് സന്ദീപ് കുമാര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഒഖ്‌ല നിവാസിയായ ദേവേന്ദറിന് ഇയാള്‍ ഒന്നര വര്‍ഷം മുമ്പ് വാഹനം വിറ്റു. സല്‍മാനെ ഞങ്ങള്‍ ഡല്‍ഹി പൊലീസിന് കൈമാറിയിട്ടുണ്ട്. ദേവേന്ദറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്യുകയാണ്', സന്ദീപ് കുമാര്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ ഇതുവരെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച വിവരം. ഇതില്‍ ഒരാളെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. 20 പേര്‍ക്കാണ് പരിക്കേറ്റത്. ചെങ്കോട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. അവര്‍ക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് അധികൃതരുമായും സംസാരിച്ച് സ്ഥിതിഗതി വിലയിരുത്തിയതായും മോദി എക്സില്‍ കുറിച്ചു.

ഇന്നലെ വൈകിട്ട് 6.52ഓടെയാണ് ചെങ്കോട്ടയ്ക്ക് സമീപത്തെ ലാല്‍കില മെട്രോ സ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനടുത്ത് സ്‌ഫോടനമുണ്ടായത്. വേഗം കുറച്ചെത്തിയ കാര്‍ ട്രാഫിക് സിഗ്നലിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. കാറില്‍ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപമുണ്ടായിരുന്ന എട്ട് കാറുകളും ഇലക്ട്രിക് റിക്ഷകളും പൊട്ടിത്തെറിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K