08 November, 2025 09:39:28 AM


ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; യുവതിക്കെതിരെ കേസെടുത്തു



തൃശ്ശൂര്‍: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. ചിത്രകാരി ജസ്‌ന സലീമിനെതിരെയും ആര്‍ എല്‍ ബ്രൈറ്റ് ഇന്‍ എന്ന വ്‌ളോഗര്‍ക്കെതിരെയും കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ചെന്ന അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്. ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്ത് ശ്രദ്ധേയയായ ആളാണ് ജസ്‌ന സലീം.

ജസ്‌നക്കെതിരെ നേരത്തെയും സമാന പരാതി ഉയര്‍ന്നിരുന്നു. നടയില്‍ നിന്ന് റീല്‍സ് ചിത്രീകരിക്കുകയും കേക്ക് മുറിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തുടര്‍ന്നായിരുന്നു ഹൈക്കോടതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ നിയന്ത്രണം നിലനില്‍ക്കെയാണ് വീണ്ടും റീല്‍സ് ചിത്രീകരണം.

വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ളോഗര്‍മാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്. ഗുരുവായൂര്‍ നടപ്പന്തല്‍ പിറന്നാള്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്ന് വിമര്‍ശിച്ചായിരുന്നു ഹൈക്കോടതി നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K