07 November, 2025 08:55:25 AM


ഗണേഷ് കുമാറിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി



കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. പൊതുപരിപാടിയില്‍ വെച്ചായിരുന്നു കൊട്ടാരക്കര വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാർഡ് അംഗം അസീസിന്‍റെ പ്രസംഗം. അസീസിനെ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയും കാരണം കാണിക്കൽ നോട്ടീസ് നല്‍കുകയും ചെയ്തു. ഇന്നലെ വട്ടിക്കവലയില്‍ ചേര്‍ന്ന് അടിയന്തര പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം നിരപ്പില്‍- തലച്ചിറ റോഡ് ഉദ്ഘാടനം നടന്നിരുന്നു. ഈ വേദിയില്‍ വച്ചാണ് അസീസ് ഗണേഷ് കുമാറിനെ വീണ്ടും ജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തത്. പരിപാടിയിലെ ഉദ്ഘാടകനായിരുന്ന ഗണേഷ് കുമാര്‍ വേദിയിലിരിക്കെയായിരുന്നു അസീസിന്റെ പ്രസംഗം.

കഴിഞ്ഞ ഒരു വര്‍ഷമായി വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റാണ് അസീസ്. വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇന്നലെ തന്നെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി ജി ഉജ്വലകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ തലച്ചിറ കോണ്‍ഗ്രസ് വാര്‍ഡിലെ സ്ഥാനം ബിജി നാസറിന് കൈമാറി. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ അസീസിനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അസീസ് കുറച്ച് മാസങ്ങളായി കോണ്‍ഗ്രസ് നേതൃത്വവുമായി അത്ര രസത്തിലല്ലെന്നും കെ ബി ഗണേഷ് കുമാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

'നമ്മുടെ നാട്ടില്‍ വികസനം ചെയ്യുന്ന കരുത്തനായ കായ്ഫലം ചെയ്യുന്ന മരമാണ് കെ ബി ഗണേഷ് കുമാര്‍. കായ്ക്കാത്ത മച്ചി മരങ്ങള്‍ ഇവിടേക്ക് കടന്നുവരും. അവരെ തിരിച്ചറിഞ്ഞ് നമ്മുടെ നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് മന്ത്രിയാക്കാന്‍ തയ്യാറാക്കണം', എന്നായിരുന്നു അബ്ദുള്‍ അസീസ് പ്രസംഗത്തിനിടെ പറഞ്ഞത്.

പാര്‍ട്ടിയുടെ നിര്‍ദേശം പാലിക്കാതെ വികസന സദസ് നടത്തി കെ ബി ഗണേഷ് കുമാറിനെ ഉദ്ഘാടകനാക്കുകയും അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത ആളാണ് അസീസ് എന്നും കോണ്‍ഗ്രസ് പറയുന്നു. മൂന്ന് മാസങ്ങളിലായി അസീസ് യോഗങ്ങളിലും പങ്കെടുക്കുന്നില്ല. റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇത്തരം പരാമര്‍ശമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു.

മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പത്തനാപുരത്ത് നിന്നും വിജയിപ്പിക്കണമെന്നായിരുന്നു അബ്ദുള്‍ അസീസ് ആഹ്വാനം ചെയ്തത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരം ആണെന്നും മഹാഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും കായ്ക്കാത്ത മച്ചിമരങ്ങളെ തിരിച്ചറിയണമെന്നും അബ്ദുള്‍ അസീസ് പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K