05 November, 2025 06:58:41 PM


മൂന്നാറില്‍ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെന്‍ഡ് ചെയ്തു



തൊടുപുഴ: മൂന്നാറില്‍ മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ്. മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍, അനീഷ് എന്നിവര്‍ക്കെതിരെയാണ് നടപടി.

കേരള സന്ദര്‍ശനത്തിനിടെ മുംബൈ സ്വദേശിനിയായ അസിസ്റ്റന്റ് പ്രൊഫസര്‍ ജാന്‍വി സാമൂഹികമാധ്യമത്തില്‍ പങ്കുവച്ച വിഡിയോ വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവമായിരുന്നു യുവതി വിഡിയോയില്‍ പങ്കുവച്ചത്. സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍മാരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം.

മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.

വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഎസ്‌ഐ സാജു പൗലോസിനും ഗ്രേഡ് എസ്‌ഐ ജോര്‍ജ് കുര്യന്‍ എന്നിവരാണ് നടപടി നേരിട്ടത്. മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K