05 November, 2025 10:19:09 AM
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു മൂന്നാം പ്രതി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. മൂന്നാം പ്രതിയായി മുൻ ദേവസ്വം ബോർഡ് കമ്മീഷണർ കൂടിയായ വാസുവിന്റെ പേരാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. രണ്ടുതവണ ദേവസ്വം കമ്മീഷണറായും പിന്നീട് സ്വർണക്കൊള്ള നടന്ന് മാസങ്ങൾക്കുശേഷം ദേവസ്വം ബോർഡ് പ്രസിഡന്റായും വാസു പ്രവർത്തിച്ചിരുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് 2019-ൽ ദേവസ്വം കമ്മീഷണറായി പ്രവർത്തിച്ചിരുന്ന വാസുവിന്റെ പങ്ക് വ്യക്തമായത്. കേസിന്റെ രണ്ടാം പുരോഗതി റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ് പ്രത്യേക സംഘം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി വാസുവിന്റെ നിർദേശപ്രകാരമാണ് ചെമ്പുപാളിയായി മഹസറിൽ രേഖപ്പെടുത്തിയതെന്നതാണ് അന്വേഷണത്തിന്റെ പ്രധാന കണ്ടെത്തൽ. നേരത്തെ വാസുവിനെ പ്രത്യേക സംഘം ചോദ്യം ചെയ്തതും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും ജോലികൾ പൂർത്തിയാക്കിയശേഷം ശേഷിച്ച സ്വർണം പെൺകുട്ടികളുടെ വിവാഹസഹായത്തിനായി വിനിയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് ഇമെയിൽ അയച്ചിരുന്നു. 2019 ഡിസംബർ 9-ന് ലഭിച്ച ആ ഇമെയിൽ ലഭിച്ചതായി വാസുവും പിന്നീട് സമ്മതിച്ചിരുന്നു.




