04 November, 2025 11:16:11 AM
അനില്‍ അംബാനിയുടെ 3084 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ 8 നഗരങ്ങളിൽ നിന്നായി ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി എട്ട് നഗരങ്ങളിലെ 3084 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ താത്കാലികമായി കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റേതാണ് നടപടി. മുംബൈ പാലി ഹില്‍സിലെ അനില്‍ അംബാനിയുടെ കുടുംബ വീടും ഡല്‍ഹിയിലെ റിലയന്‍സ് സെന്റര്‍ കെട്ടിടവും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. ഒക്ടോബര്‍ 31-നാണ് സ്വത്തുക്കള്‍ താത്കാലികമായി കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസിലാണ് നടപടി.
ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പുണെ, താണെ, ഹൈദരാബാദ്, ചെന്നൈ, ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ വസ്തുവകകളാണ് ഇഡി താത്കാലികമായി കണ്ടുകെട്ടിയിട്ടുള്ളത്. വീടുകളും ഓഫീസ് കെട്ടിടങ്ങളും ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നു.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ്(RHFL) റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്(RCFL) എന്നീ കമ്പനികള്‍ സ്വരൂപിച്ച പൊതുഫണ്ട് വകമാറ്റി ചെലവഴിച്ചെന്നും ഇത് വെളുപ്പിച്ചെന്നുമാണ് കേസ്. 2017-നും 2019-നും ഇടയില്‍ യെസ് ബാങ്ക് 2965 കോടി രൂപയാണ് റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ നിക്ഷേപിച്ചിരുന്നത്. ഇതേകാലയളവില്‍ റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ 2045 കോടി രൂപയും നിക്ഷേപിച്ചു. എന്നാല്‍, 2019 ഡിസംബറില്‍ ഈ നിക്ഷേപങ്ങള്‍ നിഷ്‌ക്രിയമായി മാറി. റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന് 1353 കോടി രൂപയും റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡിന് 1984 കോടി രൂപയും കുടിശ്ശികയായെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട് വായ്പാ തട്ടിപ്പിലും ഇഡിയുടെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് അടക്കമുള്ള കമ്പനികള്‍ ഏകദശം 13600 കോടി രൂപയുടെ വായ്പ ക്രമവിരുദ്ധമായി മറ്റുകമ്പനികളിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തല്‍. നേരത്തേ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി അനില്‍ അംബാനിയെ ചോദ്യംചെയ്തിരുന്നു. പിന്നാലെ റിലയന്‍സ് പവറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അശോക് കുമാര്‍ പാലിനെ ഇഡി അറസ്റ്റ് ചെയ്യുകയുമുണ്ടായി.
                    
                                
                                        


