01 November, 2025 04:37:15 PM
'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'- മുരളി തുമ്മാരുകുടി

തിരുവനന്തപുരം: അതിദരിദ്രര്‍ ഇല്ലാത്ത കേരളം എന്ന നേട്ടം കൈവരിച്ചന്നെ സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രശംസിച്ച് മുരളി തുമ്മാരുകുടി. അതിദരിദ്രര്‍ ഇല്ലാത്ത കേരളം ഒരു സുപ്രഭാതത്തില്‍ കേരളപ്പിറവി ദിനത്തില്‍ യാദൃച്ഛികമായി സംഭവിച്ചതല്ല. അത് കരുതലുള്ള ഒരു ഭരണാധികാരിയുടെ, ഒരു ഭരണകൂടത്തിന്റെ, കൃത്യമായ ഇടപെടലിന്റെ ഫലമാണെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപനം അനുമോദിക്കപ്പെടേണ്ടതും ആഘോഷിക്കേണ്ടതുമാണ്. മലയാളിയെന്നതില്‍ വീണ്ടും അഭിമാനിക്കുന്ന നിമിഷമാണിതെന്നും മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഐക്യകേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ ആളോഹരി വരുമാനത്തില്‍ ഏറ്റവും പുറകില്‍ നിന്നിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം. അരിക്കും തുണിക്കും ക്ഷാമം ഉണ്ടായിരുന്ന, രണ്ടു നേരം പോലും ഭൂരിപക്ഷം പേര്‍ക്കും വയര്‍ നിറച്ചു ഭക്ഷണം കഴിക്കാനില്ലാതിരുന്നതുമായ സംസ്ഥാനം. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന ആളുകള്‍ അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു. കേരളം വിവിധ സൂചികകളില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ആവുകയും സംസ്ഥാനം പൊതുവെ സമ്പന്നമായപ്പോഴും തങ്ങളുടേതായ കാരണങ്ങളാല്‍ അല്ലാതെ അതി ദാരിദ്ര്യത്തില്‍ പെട്ട ഒരു ചെറിയ ശതമാനം ആളുകള്‍ നമ്മുടെ ചുറ്റും ഉണ്ടായിരുന്നു. മിക്കവരും അവരുടെ സാന്നിധ്യം ശ്രദ്ധിച്ചില്ല.
പക്ഷെ ഇപ്പോഴത്തെ നമ്മുടെ ഭരണകൂടം ഇക്കാര്യത്തില്‍ കാണിച്ച കരുതല്‍ എടുത്തു പറയേണ്ടതാണ്. അതി ദാരിദ്ര്യത്തില്‍ ഉള്ളവര്‍ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആയിട്ടു പോലും തിരഞ്ഞെടുപ്പുകളുടെ കണക്കുകൂട്ടലുകളില്‍ പ്രസക്തമല്ലാത്ത ഒരു വോട്ട് ബാങ്ക് അല്ലാതിരുന്നിട്ടും അതിദരിദ്രരെ സര്‍ക്കാര്‍ മറന്നില്ലെന്നും മുരളി തുമ്മാരുകുടി പോസ്റ്റില്‍ പറയുന്നു.




