31 October, 2025 01:18:02 PM


കേരളത്തിന് 48 സീ പ്ലെയിന്‍ റൂട്ടുകള്‍; സന്തോഷ വിവരം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 48 സീ പ്ലെയിന്‍ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നെന്നും India One Air, MEHAIR, PHL, Spice Jet എന്നീ എയര്‍ലൈന്‍സിനാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന വിവരം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്.

'സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കടമ്പകള്‍ ഏറെ മറികടന്ന് മുന്നോട്ട് പോകാനുള്ളത് കൊണ്ട് തുടര്‍ച്ചയായ ഇടപെടലാണ് ഞങ്ങള്‍ നടത്തിവരുന്നത്. ഏവിയേഷന്‍ വകുപ്പില്‍ നിന്നും കേരളത്തിന് 48 റൂട്ടുകള്‍ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയിട്ടുണ്ട് എന്ന സന്തോഷ വിവരം ഇവിടെ പങ്കുവെക്കുകയാണ്. സീ പ്ലെയിന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് സീ പ്ലെയിന്‍ പരീക്ഷണ പറക്കലും നടത്തുകയുണ്ടായത് വളരെ ആവേശത്തോടെയാണ് സമൂഹം ഏറ്റെടുത്തത്. സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ തുടര്‍നടപടികളും പുരോഗമിക്കുകയാണ്. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീ പ്ലെയിൻ പദ്ധതി ഭാവി കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകും.' മുഹമ്മദ് റിയാസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K