31 October, 2025 09:54:49 AM
ആമയിഴഞ്ചാന്‍ തോട്ടില്‍ ജീവന്‍ പൊലിഞ്ഞ ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങി; ഗൃഹപ്രവേശം ഇന്ന്

തിരുവനന്തപുരം: തമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്കിനി അടച്ചുറപ്പുള്ള വീട്ടില്‍ തലചായ്ക്കാം. മെല്‍ഹിക്കായി കോര്‍പ്പറേഷന്‍ ഒരുക്കിയ പുതിയ വീടിന്റെ ഗൃഹപ്രവേശം ഇന്ന് നടക്കും.
വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മാരായമുട്ടം കോണത്തുവിളാകത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലായിരുന്നു മെല്‍ഹിയുടെയും ജോയിയുടെയും വാസം. ജോയിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്‍പ്പെടെ അന്ന് വലിയ പ്രയാസം നേരിട്ടിരുന്നു.
ജോയി മരിച്ചതോടെ അമ്മ ഒറ്റയ്ക്കായി. ഇതോടെ അമ്മയെ പുനരധിവസിപ്പിക്കുമെന്ന് കോര്‍പ്പറേഷനും വ്യക്തമാക്കിയിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് മാരായമുട്ടം മലഞ്ചരിവ് വീട്ടില്‍ ജോയി(47)യെ കാണാതായത്. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവില്‍ കാണാതായ സ്ഥലത്തുനിന്ന് ഒരുകിലോമീറ്ററിനപ്പുറത്തു നിന്നാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.




