29 October, 2025 06:51:50 PM
എം എം ലോറൻസിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
പിതാവിന്റെ മൃതദേഹം പഠനാവശ്യങ്ങള്‍ക്ക് വിട്ടു കൊടുത്ത വിധി റദ്ദാക്കണമെന്നും, മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവാദം നല്‍കണമെന്നുമാണ് ആശ ലോറന്‍സ് ആവശ്യപ്പെട്ടിരുന്നത്. 2024 സെപ്റ്റംബര്‍ 21 നാണ് 95-ാം വയസ്സില്‍ ലോറന്‍സ് അന്തരിച്ചത്. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ മകന്‍ തീരുമാനിച്ചു.
എന്നാല്‍ ഈ തീരുമാനത്തിനെതിരെ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തെ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവെക്കുകയായിരുന്നു.
മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളജ് നടപടിയും ഹൈക്കോടതി ശരിവെച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ആശയുടെ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളിയത്.




