29 October, 2025 09:33:55 AM
അടിമാലിയിലെ മണ്ണിടിച്ചിൽ: ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചു മാറ്റി

ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചു മാറ്റി. കാലിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. ഇത് കിഡ്‌നിയെ ബാധിക്കാതെ ഇരിക്കാനാണ് കാൽ മുറിച്ചു മാറ്റിയത്. സന്ധ്യയുടെ കാലിനു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു.
അപകടത്തിൽ വലിയ കോൺക്രീറ്റ് പാളി സന്ധ്യയുടെ കാലിലേക്ക് വീണിരുന്നു. പിന്നാലെ സന്ധ്യയുടെ കാലിലെ മസിലുകൾക്ക് ക്ഷതമേറ്റു. എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ഡോക്ടർമാർ മസിലുകൾ തുന്നിച്ചേർക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. എന്നാൽ സന്ധ്യയുടെ മകളുടെ മാനസികാവസ്ഥ പരിഗണിച്ച് വാർത്ത പുറത്തുവിടരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ സന്ധ്യയുടെ ഭർത്താവ് ബിജു മരിച്ചിരുന്നു. മണ്ണിടിച്ചിലിന് പിന്നാലെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ദമ്പതികളെ പുറത്തെത്തിച്ചത്. സന്ധ്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സമീപത്തുള്ള ബന്ധുവീട്ടിലേക്ക് പോയ ബിജുവും ഭാര്യയും ഭക്ഷണം കഴിക്കാനായാണ് തിരികെ വീട്ടിലേക്ക് എത്തിയത് എന്നാണ് സന്ധ്യയുടെ അച്ഛൻ പത്മനാഭൻ പ്രതികരിച്ചത്. ദമ്പതികളെ പുറത്തെത്തിച്ചപ്പോൾ തന്നെ ബിജു പ്രതികരിക്കുന്നില്ലായിരുന്നു എന്ന് ബന്ധു പറഞ്ഞു.
ദേശീയപാത 85 നിർമാണ പ്രവർത്തികൾ നടക്കുന്ന പ്രദേശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെ തുടർന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി അടിമാലി പഞ്ചായത്ത് അറിയിച്ചു. ഇതിൻ്റെ ഭാഗമായി 22 കുടുംബങ്ങളെ വൈകിട്ടോടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. കുടുംബ വീട് തൊട്ടടുത്ത് തന്നെ ആയതുകൊണ്ട് ബിജുവും സന്ധ്യയും ക്യാമ്പിലേക്ക് മാറിയിരുന്നില്ല. രാത്രി ഇരുവരും ഭക്ഷണം കഴിക്കാന്‍ വന്ന സമയത്ത് മണ്ണിടിയുകയായിരുന്നു. ആറ് വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. 50 അടിയിലേറെ ഉയരമുള്ള തിട്ട ആറോളം വീടുകളിലേക്കാണ് പതിച്ചത്.




