28 October, 2025 07:53:08 PM


നിറഞ്ഞ സദസ്, സജീവ ചർച്ചകൾ; പ്രതീക്ഷ പകർന്ന് വിഷൻ 2031 സഹകരണ സെമിനാർ



കോട്ടയം: സഹകരണ മേഖലയ്ക്ക്  ഏതെല്ലാം മേഖലകളിൽ ക്രിയാത്മക ഇടപെടൽ നടത്താനാകും? - ഈ ചോദ്യത്തിന് എണ്ണിയാലൊടുങ്ങാത്ത ഉത്തരങ്ങളാണ് ചൊവ്വാഴ്ച്ച ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെന്ററിൽ നടന്ന വിഷൻ 2031 സഹകരണ സെമിനാറിൽ ഉയർന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യവും സജീവമായ ചർച്ചകളും മികച്ച സംഘാടനവും പരിപാടിയെ ശ്രദ്ധേയമാക്കി. ഉദ്ഘാടനച്ചടങ്ങു തുടങ്ങുന്നതിന് അര മണിക്കൂർ മുൻപേ ഓഡിറ്റോറിയം നിറഞ്ഞു. സഹകാരികളും സഹകരണ സംഘം ഭാരവാഹികളും ജീവനക്കാരും വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ രണ്ടായിരത്തോളം പേരാണ് സെമിനാറിൽ പങ്കെടുത്തത്. സഹകരണ സംഘങ്ങളിൽനിന്നുള്ള പ്രതിനിധികളായി 1600 പേർ രജിസ്റ്റർ ചെയ്തു.

നാടിന്റെ നല്ല ഭാവിക്കായി സഹകരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ സംക്ഷിപ്തം  വകുപ്പ് മന്ത്രി വി.എൻ. വാസവൻ തൻറെ ഉദ്ഘാടന പ്രസംഗത്തിൽ അവതരിപ്പിച്ചു. കഴിഞ്ഞ പത്തു വർഷം സഹകരണ മേഖല നടത്തിയ സമാനതകളില്ലാത്ത മുന്നേറ്റങ്ങളും സാമൂഹിക ഇടപെടലുകളുമാണ് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി വീണ എൻ. മാധവൻ അവതരിപ്പിച്ചത്.  

തുടർന്ന് ഒൻപതു സെഷനുകളായി തിരിഞ്ഞ് നടത്തിയ ചർച്ചകളിൽ സാങ്കേതിക വിദ്യകളുടെയും സാമൂഹിക ചുറ്റുപാടുകളുടെയും മാറ്റത്തിനൊത്ത് വരും വർഷങ്ങളിൽ വകുപ്പിന് നടത്താൻ കഴിയുന്ന ഇടപെടലുകളെക്കുറിച്ച് പ്രതിനിധികൾ ആശയങ്ങൾ പങ്കുവച്ചു. സഹകരണ മേഖലയുടെ മുൻകാല പ്രവർത്തനങ്ങളും പദ്ധതികളുടെ സാധ്യതകളും കണക്കിലെടുക്കുമ്പോൾ മികച്ച ആശയങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിലൂടെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാകുമെന്ന് സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ ചൂണ്ടിക്കാട്ടി.

വിവിധ സെഷനുകളിലെ ചർച്ചകളുടെ സംക്ഷിപ്തം ഗ്രൂപ്പ് ലീഡർമാർ വേദിയിൽ അവതരിപ്പിച്ചു.

സഹകരണമേഖലയുടെ സമഗ്ര പുരോഗതിക്ക് ഉപകരിക്കുന്ന നിർദ്ദേശങ്ങളാണ് ഉയർന്നുവന്നതെന്നും ഇവ സർക്കാരിനു മുന്നിൽ അവതരിപ്പിക്കുമെന്നും മറുപടി പ്രസംഗത്തിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  

സമാപന സമ്മേളനത്തിൽ സഹകരണവകുപ്പ് സെക്രട്ടറി വീണ എൻ. മാധവൻ, സഹകരണ രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു,സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.എം. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

എം.ജി. സർവകലാശാലാ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വൈസ് ചാൻസലർ ഡോ. വി.പി. ജഗതിരാജ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918