26 October, 2025 08:07:00 PM


ഏറ്റുമാനൂരിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും- മന്ത്രി വി.എൻ. വാസവൻ



കോട്ടയം: ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം -സഹകരണം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ   ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവർത്തിക്കണണം. കോട്ടയം മെഡിക്കൽ കോളജിന്‍റെ ഏറ്റൂമാനൂര്‍ എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകിട്ടും തുറന്ന് പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതൽ ബസ് സര്‍വീസുകള്‍ നടത്തണം-മന്ത്രി നിര്‍ദേശിച്ചു. 

ക്ഷേത്രപരിസരത്തും ടൗണിലും കൂടുതൽ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്.  അടുത്തയാഴ്ച മുതൽ ഇവ പ്രവര്‍ത്തനക്ഷമമാകും. വടക്കേ ഗോപുര നടയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുക്കുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം ശബരിമലയിൽ 55 ലക്ഷം പേർ തീർഥാടനത്തിനെത്തിയിട്ടും ഒരു പരാതി പോലും ഉയരാതിരുന്നത് എല്ലാവരും സഹകരിച്ചു  പ്രവർത്തിച്ചതുകൊണ്ടാണെന്ന് യോഗത്തിൽ സംസാരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ്. പ്രശാന്ത് പറഞ്ഞു.


തീർഥാടന കാലത്ത് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിവിധ വകുപ്പു മേധാവികൾ വിശദീകരിച്ചു.

ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും 70 പോലീസുകാരെ ഏറ്റുമാനൂരിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയിഡ് പോസ്റ്റും ഉണ്ടാകും.

എക്‌സൈസിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്തെ കടകളിൽ പ്രത്യേക പരിശോധന നടത്തും. എക്സൈസ് റേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. 

ആരോഗ്യ വകുപ്പിനു കീഴില്‍ ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും.  24 മണിക്കൂറും ആംബുലൻസ് സേവനവും ഉറപ്പുവരുത്തും.

കെ.എസ്.ആർ.ടി.സി കോട്ടയത്തു നിന്നുള്ള പമ്പ സർവീസിനായി ആദ്യ ഘട്ടത്തിൽ 50 ബസുകളും പിന്നീട് 20 ബസുകളും  അധികമായി അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദീപാരാധനയ്ക്കു ശേഷം ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സർവീസ് ഉണ്ടാകും.

24 മണിക്കൂറും പ്രവർത്തിക്കുന്ന അഗ്നിരക്ഷാ യൂണിറ്റ് ക്ഷേത്രപരിസരത്ത് ഉണ്ടാകും.

ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷണശാലകളിൽ നിരന്തരമായി പരിശോധന നടത്തും. വകുപ്പിന്‍റെ മൊബൈൽ ലാബും പ്രവർത്തിക്കും.

പൊതു വിതരണ വകുപ്പ് ഇടത്താവളങ്ങളിൽ 10 രൂപയ്ക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

നഗര ശുചീകരണത്തിന് നഗരസഭ കൂടതൽ താൽക്കാലിക ജീവനക്കാരെ നിയമിച്ചു. തെരുവുവിളക്കുകൾ എല്ലാം കത്തുന്നുവെന്ന് ഉറപ്പാക്കും.

 ഏറ്റുമാനൂര്‍  ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ . ഷാഹുൽ ഹമീദ്, നഗരസഭാ അധ്യക്ഷ ലൗലി ജോർജ്, എ.ഡി.എം. എസ്. ശ്രീജിത്ത്, കോട്ടയം ആർ.ഡി.ഒ. ജിനു പുന്നൂസ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസീൽദാർ എ. എം. ബിജിമോൾ,
ഏറ്റുമാനൂർ  നഗരസഭാ പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, പാലാ ഡിവൈ.എസ്.പി. കെ. സദൻ , സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടിപ്സൺ തോമസ്‌, ക്ഷേത്രപദേശകസമിതി പ്രസിഡൻ്റ് പി. കെ. രാജൻ, സെക്രട്ടറി മഹേഷ്‌ രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K