24 October, 2025 10:02:06 AM


കുർണൂലിൽ ബസിന് തീപിടിച്ചു; നിരവധിപേർ വെന്തുമരിച്ചു



ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. 

കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. 

ജനല്‍ച്ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാര്‍ രക്ഷപ്പെട്ടതായി കുര്‍നൂല്‍ എസ്പി വിക്രാന്ത് പാട്ടീല്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസില്‍ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കുകളോടെ പതിനഞ്ചോളം പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. 

അപകടത്തില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനും പരുക്കേറ്റവരുടെ ചികിത്സയ്ക്കുമായി സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K