22 October, 2025 06:31:55 PM
കാലിക്കടത്ത് പരിശോധനയ്ക്കിടെ വാഹനം നിര്‍ത്തിയില്ല; മലയാളിയെ വെടിവെച്ച് കീഴ്‌പ്പെടുത്തി കര്‍ണാടക പോലീസ്

ബംഗലൂരു: കര്‍ണാടകയിലെ പുത്തൂരില്‍ മലയാളിയെ പൊലീസ് വെടിവെച്ചു പിടിച്ചു. കാസര്‍കോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. അനധികൃതമായി കാലിക്കടത്തു നടത്തുന്നു എന്നാരോപിച്ചാണ് പുത്തൂര്‍ പൊലീസ് മലയാളി ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയില്‍ വെച്ചാണ് സംഭവം. അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയില്‍ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഒരു വെടിയുണ്ട വാഹനത്തിലും തറച്ചിട്ടുണ്ട്.
രാവിലെ ഊടുവഴിയിലൂടെ കന്നുകാലികളെ കടത്തുകയായിരുന്ന ലോറി, പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് പൊലീസ് 10 കിലോമീറ്ററോളം ലോറിയെ പിന്തുടര്‍ന്നു. ഇതിനിടെ മറ്റൊരു പൊലീസ് സംഘം ജീപ്പ് കുറുകേയിട്ട് ലോറി നിര്‍ത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ലോറി പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ച് പോകാന്‍ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് ലോറിക്കു നേരെ രണ്ടു തവണ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് പൊലീസ് കേസെടുത്തു. ബെള്ളാരി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.