21 October, 2025 08:44:03 AM


നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിലെത്തും



തിരുവനന്തപുരം: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ. വൈകിട്ട് ആറരയോടെ മുർമു തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാജ്ഭവനിലാണ് താമസം. രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. നാളെ രാവിലെ ഹെലികോപ്ടറിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും പ്രത്യേക വാഹനത്തില്‍ സന്നിധാനത്ത് എത്തുക. രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കർശന സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിട്ടുള്ളത്.

ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചയ്ക്ക് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനവും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ്തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24ന് എറണാകുളം സെയ്ന്റ്തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.

രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിൻ്റെ ഭാഗമായി കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നും നാളെയും സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. ബുധനാഴ്ച വൈകീട്ട് മാത്രമായിരിക്കും ദര്‍ശനം ഉണ്ടാവുക. രാഷ്ട്രപതി നിലയ്ക്കലില്‍ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി അന്നുരാത്രി 10 മണിക്ക് നടയടയ്ക്കും. രാഷ്ട്രപതി സന്നിധാനത്തെത്തുമ്പോള്‍ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമേ അനുവദിക്കൂ. ഇതില്‍ തന്ത്രി, മേല്‍ശാന്തി, രണ്ട് പരികര്‍മികള്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, മൂന്ന് ജീവനക്കാര്‍ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953