16 October, 2025 03:22:23 PM


രംഗോത്സവ്: എ.എസ്.ഐ.എസ്.സി. കേരള റീജിയണൽ സ്‌കൂൾ കലോത്സവം 17ന്



കോട്ടയം: അസോസിയേഷൻ ഓഫ് സ്‌കൂൾസ് ഫോർ ഇൻഡ്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് (ASISC) കേരള റീജിയണൽ സ്‌കൂൾ കലോത്സവം രംഗോത്സവ് 2025 ഒക്ടോബർ 17, 18 തീയ തികളിലായി മാന്നാനം കെ. ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കും. കേരളത്തിലെ 160 ICSE, ISC സ്കൂളുകളിൽ നിന്നായി 2000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 

6 സോണുകളിലായി നടന്ന സോണൽതല മത്സരങ്ങളിൽ വിജയികളായവരാണ് റീജിയണൽ മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. 10 വേദികളിലായി 53 വ്യത്യസ്‌ത മത്സരങ്ങളാണ് നടക്കുക. കഴിഞ്ഞ വർഷം കെ.ഇ. സ്‌കൂളിൽ നടന്ന 'രംഗോത്സവ് 2024'ൽ 3, 4, 5 കാറ്റഗറിയിൽ തൃശ്ശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനികേതൻ സ്‌കൂളാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

വിദ്യാർത്ഥികൾക്കായുള്ള വിവിധ സ്കോളർഷിപ്പുകൾ, കലാകായികമത്സരങ്ങൾ, അദ്ധ്യാപക പരിശീലനം തുടങ്ങി ICSE, ISC തലത്തിൽ വിദ്യാർഥികളുടെ സമഗ്രമായ വളർച്ചയാണ് കൗൺസിൽ ഫോർ ദി ഇൻഡ്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ്‌ എക്‌സാമിനേഷൻ (CISCE) സ്‌കൂളുകളുടെ പ്രിൻസിപ്പലുമാരുടെ സംഘടനയായ ASISC ലക്ഷ്യമിടുന്നത്. കേരളത്തിലാകെ 170 സ്‌കൂളുകൾക്കാണ് CISCE അംഗീകാരമുള്ളത്.

ഒക്ടോബർ 17 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് കേരള റീജിയൺ പ്രസിഡൻ്റ് ഫാ. സിൽവി ആന്റണിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ പ്രശസ്‌ത ചല ചിത്രതാരം റോണി ഡേവിഡ് വിശിഷ്‌ടാതിഥിയായിരിയ്ക്കും. മാന്നാനം സെന്റ് ജോസഫ‌് ആശ്രമാധിപൻ റവ. ഡോ.കുര്യൻ ചാലങ്ങാടി, കെ. ഇ. റസിഡൻസ് പ്രിഫക്ട‌്  ഫാ. ഷൈജു സേവ്യർ, കെ.ഇ സ്‌കൂൾ ബർസാർ ഫാ. ബിബിൻ തോമസ്, ASISC കേരള റീജിയണൽ സ്‌കൂൾ കലോത്സവം കോർഡിനേറ്റർ ഫാ. ഷിനോ കളപ്പുരയ്ക്കൽ, സ്‌കൂൾ പി റ്റി എ പ്രസിഡൻ്റ് അഡ്വ. ജയ്‌സൺ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരിയ്ക്കും.

ഒക്ടോബർ 18 -ാം തീയതി വൈകുന്നരം 5.00 മണിയ്ക്ക് നടക്കുന്ന സമാപനസമ്മേളനത്തിൽ തിരുവനന്തപുരം സെൻ്റ് ജോസഫസ് പ്രൊവിൻസ് പ്രൊവിൻഷ്യാൻ ഫാ. ആൻ്റണി ഇളന്തോട്ടം വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിന്' വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ASISC കേരള റീജിയൺ പ്രസിഡൻ്റ് ഫാ. സിൽവി ആൻ്റണി, വൈസ് പ്രസിഡന്റ് സിസ്റ്റർ ലിൻസി ജോർജ്ജ്, കേരള റീജിയൺ സെക്രട്ടറിയും ട്രഷററും, മാന്നാനം കെ.ഇ.ഇംഗ്ലീഷ് മീഡിയം സ്കൂ‌ൾ പ്രിൻസിപ്പാളുമായ റവ.ഡോ. ജെയിംസ് മുല്ലശ്ശേരി, കെ. ഇ. റസിഡൻസ് പ്രിഫക്‌ട് ഫാ. ഷൈജു സേവ്യർ, പ്രോഗാം കോർഡിനേറ്റർ ബിൻസി ജോസഫ് എന്നിവർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918