14 October, 2025 11:28:06 AM
പറക്കുന്നതിനിടയിൽ വിൻഡ്ഷീൽഡ് തകർന്നു; ഇൻഡിഗോ വിമാനം താഴെയിറക്കി

ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പറക്കുന്നതിനിടെ വിള്ളല്‍ കണ്ടെത്തി. തൂത്തുക്കുടിയില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിനായിരുന്നു വിന്‍ഡ്ഷീല്‍ഡ് വിള്ളല്‍. വിമാനം സുരക്ഷിതമായി ലാന്‍ഡിങ് നടത്തി. എയര്‍ ട്രാഫിക് അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
75 യാത്രക്കാരുമായി പറന്നുയർന്ന എ ടി ആര്‍ വിമാനം 6E1607 ആണ് അപകടമുഖം കണ്ടത്. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ പൈലറ്റുമാര്‍ വിള്ളല്‍ കണ്ടെത്തുകയായിരുന്നു. ജീവനക്കാര്‍ ഗ്രൗണ്ട് കണ്‍ട്രോളിനെ വിവരമറിയിക്കുകയും ചെന്നൈ വിമാനത്താവളത്തില്‍ സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തു.
വിമാനം സുഗമമായി ലാന്‍ഡിങ് നടത്തിയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിള്ളലിന്റെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. നാല് ദിവസത്തിനുള്ളില്‍ ഇന്‍ഡിഗോയുമായി ബന്ധപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. നേരത്തെ, മധുര- ചെന്നൈ എ ടി ആര്‍ വിമാനത്തിന്റെ വിന്‍ഡ്ഷീല്‍ഡിനും ആകാശത്ത് വച്ച് വന്നിരുന്നു. തുടര്‍ന്ന് ചെന്നൈയില്‍ സുരക്ഷിതമായി ലാന്‍ഡിങ് നടത്തി.