12 October, 2025 08:06:34 PM
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ചരമദിനം ഗുരുസ്മരണദിനമായി ആചരിക്കും
- പി.എം. മുകുന്ദൻ

തൃശൂർ: കഥകളിച്ചെണ്ടയിലെ ഇതിഹാസ പുരുഷനും കലാസാഗർ സ്ഥാപകനുമായ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിൻ്റെ ചരമവാർഷിക ദിനമായ ഒക്ടോബര് 14 ഗുരുസ്മരണദിനമായി ആചരിക്കും. ഇതിൻ്റെ ഭാഗമായി വൈകുന്നേരം 6 മണിക്ക് കലാമണ്ഡലം നിള കാമ്പസിൽ നടക്കുന്ന ചടങ്ങിൽ കഥകളി നാട്യാചാര്യൻ കലാനിലയം രാഘവൻ ആശാനെയും കഥകളി സംഗീതരത്‌നം കോട്ടക്കൽ ഗോപാല പിഷാരോടി ആശാനെയും കലാസാഗർ ആദരിക്കും.
കലാസാഗർ പ്രസിഡന്റ് ടി കെ അച്യുതന്റെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണയോഗം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി.കെ. അനന്തകൃഷ്ണൻ മുഖ്യാതിഥിയാവും. കേരള കലാമണ്ഡലം രജിസ്ട്രാർ ഡോ. പി രാജേഷ്‌കുമാർ, കലാമണ്ഡലം എം പി . എസ് നമ്പൂതിരി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, വെള്ളിനേഴി ആനന്ദ് എന്നിവർ പ്രസംഗിക്കും. കലാമണ്ഡലം ഈശ്വരനുണ്ണി ചാക്യാർകൂത്ത് അവതരിപ്പിക്കും.
കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളിനെപോലെ കഥകളി ലോകത്ത് ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരൻമാർ അപൂര്‍വമാണ്. കഥാപ്രകൃതവും കഥാപാത്ര പ്രകൃതിയും ചടങ്ങിന്റെ ഗൗരവവും അര്‍ത്ഥപൂര്‍ണ്ണമായ ഔചിത്യവും അതീവ ശ്രദ്ധയോടെ മനസ്സിരുത്തി അവയോട് ഇണങ്ങിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്‍റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു.