12 October, 2025 07:04:42 PM
കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ; ആൺ സുഹൃത്ത് പിന്മാറിയതിലെ നിരാശയില്‍

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമം നടന്നിട്ടില്ലെന്ന് കുറ്റപത്രം. പ്രതിയായ റമീസ് ബന്ധത്തില്‍ നിന്നും പിന്‍മാറിയതാണ് യുവതിയുടെ ആത്മഹത്യക്ക് കാരണം എന്നാണ് പൊലീസിന്റെ നിലപാട്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സോന എല്‍ദോസ് എന്ന 23 കാരി ജീവനൊടുക്കിയത്. യുവതിയുടെ ആത്മഹത്യകുറിപ്പില്‍ റമീസിനെയും കുടുംബാംഗങ്ങളെയും കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.
എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സംഘപരിവാര്‍, ക്രൈസ്തവ സംഘടനകള്‍ ഉയര്‍ത്തിയ ലൗ ജിഹാദ് എന്ന ആരോപണം പൂര്‍ണമായി തള്ളുന്നതാണ് കുറ്റപത്രം. മുന്ന് വകുപ്പുകള്‍ പ്രകാരമാണ് റമീസിന് എതിരെ ചുമത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡനം, ആത്ഹത്യാ പ്രേരണ, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ ചുമത്താനാവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിഷയത്തില്‍ ഈ ആഴ്ച തന്നെ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും.
റമീസിന്റെ അച്ഛനും അമ്മയും കേസില്‍ പ്രതികളാണ്. പെണ്‍കുട്ടിയെ ദേഹോപദ്രവം ഉള്‍പ്പെടെ ഏല്‍പ്പിക്കുന്നത് ഉള്‍പ്പെടെ അറിഞ്ഞിട്ടും ഇരുവരും ഇടപെട്ടില്ലെന്നുള്‍പ്പെടെ കുറ്റപത്രം പറയുന്നു. 55സാക്ഷികളാണ് കേസിലുള്ളത്. പ്രതി റമീസ് റിമാന്‍ഡിലാണ്.
നേരത്തെ, 23-കാരി ജീവനൊടുക്കിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചിരുന്നു. മകള്‍ ജീവനൊടുക്കിയത് മതപരിവര്‍ത്തന ശ്രമം മൂലമാണെന്നും ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.