11 October, 2025 02:23:12 PM


ചികിത്സാപിഴവിൽ വിദ്യാർഥി മരിച്ചെന്ന് പരാതി; ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിക്കെതിരെ കേസ്



പാലാ: കാൽമുട്ടിന് പരിക്കേറ്റതിനെതുടർന്ന് ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട 18കാരൻ മരിച്ചു. ഏറ്റുമാനൂർ കോതനല്ലൂർ കുതിരക്കുന്നേൽ കെ ആർ പ്രണവ് (18) ആണ് മരിച്ചത്. കുത്തിവെപ്പിനെ തുടർന്നാണെന്നു പറയുന്നു, കോമായിലായ പ്രണവിനെ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊച്ചിയിലെ ആശുപത്രിയിലേക്ക്  മാറ്റിയെങ്കിലും ഇവിടെ വെന്റിലേറ്ററിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.

മുൻ കെഎസ്ഇബി എഇ ആയിരുന്ന കൊച്ചി കുനമ്മാവ് പാടത്തുപറമ്പിൽ പരേതനായ കെ കെ രാജു- പി എസ് പ്യാരി ദമ്പതികളുടെ മകനാണ് പ്രണവ് . വിദ്യാർത്ഥിയുടെ അമ്മയുടെ പരാതിയിൽ കുട്ടിയെ ചികിത്സിച്ച ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലെ ന്യൂറോസര്‍ജന് എതിരെയും ആശുപത്രി അധികൃതർക്കുമെതിരെ പാലാ പൊലീസ് ചികിത്സാ പിഴവിന് കേസെടുത്തു.

പാലായിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം നടത്തുകയായിരുന്നു വിദ്യാർത്ഥി. ഹോസ്‌റ്റലിൽ വച്ച് സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ കഴിഞ്ഞ സെപ്‌തംബർ 22ന് രാവിലെയാണ് വീണ് കാൽമുട്ടിന് പരിക്കേറ്റത്. തുടർന്ന് ഹോസ്‌റ്റൽ അധികൃതർ വിദ്യാർത്ഥിയെ ചേർപ്പുങ്കലിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെ അധികൃതർ നൽകിയ കുത്തിവെയ്‌പിനെ തുടർന്ന് വിദ്യാർത്ഥി കോമയിലായെന്നാണ് പരാതി. തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച പ്രണവിന്‍റെ നിലയില്‍ പുരോഗതി ഉണ്ടാവാഞ്ഞതിനെ തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്ക്കായി മെഡിസിറ്റി അധികൃതർ തന്നെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ തുടരുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടോടെ വിദ്യാർത്ഥി മരിക്കുകയായിരുന്നു.

അതേസമയം പ്രണവിന് അപസ്മാരം രോഗിയായിരുന്നെന്നും അതാണ് ചികിത്സയില്‍ പ്രതികൂലമായതെന്നുമാണ് മാർ സ്ലീവാ മെഡിസിറ്റി ആശുപത്രി അധികൃതരുടെ പക്ഷം. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. പോസ്റ്റുമോർട്ടത്തിന് ശേഷം കോതനല്ലൂരിൽ അമ്മയുടെ വീട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കുനമ്മാവിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.  സഹോദരി: പ്രാർഥന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K