07 October, 2025 08:54:59 PM
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം: മോഹൻലാലിനെ ആദരിച്ച് കരസേന

ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച് ഇന്ത്യന്‍ കരസേന. ഇന്ന് ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാൽ പ്രതികരിച്ചു. 16 വര്‍ഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതല്‍ സിനിമകളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങൾ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സൈന്യത്തിനായി ഇനിയും കൂടുതല്‍ ചിത്രങ്ങളുണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടന്‍ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നത്.
അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹൻലാൽ പ്രതികരിച്ചത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണിത്. ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താന്‍ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. തന്റെ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു. തന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും മോഹൻലാൽ പറഞ്ഞിരുന്നു.