05 October, 2025 05:55:22 PM
പ്രമുഖ സാഹിത്യകാരൻ തുളസിദാസ് ശങ്കരപണിക്കർ പുഴയിൽ മരിച്ച നിലയിൽ

ആലുവ: പ്രമുഖ കഥാകാരനും തൃശൂർ മെഗാ മേക്കേഴ്സ് അഡ്വർടൈസിംഗ് ഏജൻസിയുടെ മാനേജിംഗ് ഡയറക്ടറുമായ തുളസിദാസ് ശങ്കര പണിക്കർ (58) ആലുവ പുഴയിൽ മരിച്ച നിലയിൽ. തൃശൂർ എം ജി റോഡിൽ കോട്ടയിൽ സെക്കന്റ് ലൈനിൽ താമസക്കാരനായ ഇദ്ദേഹം 'ശപത്ഥ്' എന്ന തൂലികാ നാമത്തിലാണ് സാഹിത്യ ലോകത്ത് അറിയപ്പെടുന്നത്. ഇന്ന് രാവിലെ ആലുവ റെയിൽവേ പാളത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി ആലുവ പോലീസ് അറിയിച്ചു. എന്നാൽ സംഭവത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളുവെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിൽ. കോട്ടയം ഇത്തിത്താനം കുരട്ടിമല ലക്ഷ്മിനിവാസ് കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച 2ന് ഇത്തിത്താനത്തെ വീട്ടുവളപ്പിൽ.

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഇദ്ദേഹം ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൻ എഴുതിയ നോവൽ, കഥകൾ, നാടകം തുടങ്ങി 31 പുസ്തകങ്ങളുടെ പ്രകാശനം തൃശ്ശൂരിൽ ഒരു വേദിയിൽ നടത്തി സാഹിത്യ ലോകത്ത് റെക്കോഡ് സൃഷ്ടിച്ചയാൾ കൂടിയാണ് ഇദ്ദേഹം. ഭാര്യ : മിനി, മക്കൾ : സിഷർ, ശിവാനി.