30 September, 2025 09:41:48 AM
കരൂര്‍ ദുരന്തം; ടിവികെ നേതാവ് മതിയഴകന്‍ അറസ്റ്റില്‍

ചെന്നൈ: വിജയിയുടെ കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിൽ പൊലീസ് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയവെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസ്. ടിവികെ കരൂർ വെസ്റ്റ് ജില്ലാ കമ്മിറ്റിയായിരുന്നു പരിപാടിയുടെ സംഘാടക ചുമതല വഹിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഉള്ളയാളാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ദുരന്തത്തിനുപിന്നാലെ മതിയഴകൻ ഉൾപ്പെടെയുള്ളവർ ഒളിവിൽ പോയിരുന്നു.
ശനിയാഴ്ച കരൂരിൽനടന്ന, വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.
കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂര്‍വം വൈകിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. നാമക്കലില്‍ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകള്‍ വൈകിയാണ് വിജയ് എത്തിച്ചേര്‍ന്നത്. ഇത് കൂടുതല്‍ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും എഫ്ഐആറിൽ പറയുന്നു. ഇതിനിടെ, വിജയിയുടെ നേതൃത്വത്തില്‍ പാർട്ടി നേതാക്കളുടെ യോഗം ചേർന്നു. പട്ടിണംപാക്കത്തെ വിജയ്‌യുടെ ഫ്ലാറ്റിലാണ് യോഗം ചേർന്നത്. യോഗത്തിന് ശേഷം വിജയ് നീലാങ്കരയിലെ വീട്ടിലേക്ക് മടങ്ങി.
അതേസയം, സംഭവത്തിൽ വ്യാജ പ്രചാരണം നടത്തരുതെന്നും എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല. ദുരന്തം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ തമിഴ്നാട് സർക്കാർ നിയോഗിച്ചു.
ഇതിനിടെ കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിത്തിൽ വിജയ്‌യെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്.