26 September, 2025 03:33:38 PM


'കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം'; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍



കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.

ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് 150 മുതല്‍ 200 വരെ എസ്യുവികള്‍ എത്തിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നംഖോര്‍ എന്നാണ് കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര്‍ കണ്ണികളെ ഒരു വര്‍ഷം മുന്‍പ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു.

കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളില്‍ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. കൊച്ചിക്ക് പുറമേ തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K