26 September, 2025 12:29:26 PM


സുബീൻ ഗാർഗിന്റെ മരണം; സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ



ന്യൂഡല്‍ഹി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമി അറസ്റ്റിൽ. ഗാർഗിന്റെ മരണത്തെകുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. സിങ്കപ്പൂരിൽ സുബീൻ കയറിയ യാത്രാബോട്ടിൽ ഒപ്പമുണ്ടായിരുന്ന ആളാണ് ജ്യോതി ഗോസ്വാമി.

സെപ്റ്റംബർ 20നും 21നും നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനായി സിംഗപ്പൂരെത്തിയ സുബിൻ ഗാർഗ് സെപ്തംബർ 19നാണ് മരിച്ചത്.. സ്‌കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ കരയിലെത്തിച്ച് സിപിആർ നൽകുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നു.

സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. അന്വേഷണത്തിനായി 10 അംഗ സംഘത്തെയാണ് അസം സർക്കാർ നിയോഗിച്ചിട്ടുള്ളത്. സുബീന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയിലേക്ക് അന്വേഷണം നീണ്ടിരുന്നു. മരണത്തിന് ദിവസങ്ങൾക്ക് ശേഷം മാനേജർക്കെതിരെ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്ത, സുബീന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മ എന്നിവരുടെ വീടുകളിലും അന്വേഷണസംഘം പരിശോധന നടത്തി. അന്വേഷണസംഘം മഹന്തയുടെ വീട്ടിലെത്തിയപ്പോള്‍ രണ്ട് സഹായികള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. സിദ്ധാര്‍ഥ് ശര്‍മയുടെ അപ്പാര്‍ട്ടുമെന്റ് പൂട്ടിക്കിടക്കുകയായിരുന്നു. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സുബീന്റെ മരണശേഷം ശര്‍മയുടെ വീട്ടുകാരെ ആരെയും കാണാനില്ലെന്ന് പ്രദേശവാസികളും പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K