24 September, 2025 01:28:42 PM


എന്‍ എം വിജയന്റെ കുടിശിക തീര്‍ത്ത് കെപിസിസി; ബാങ്കില്‍ 63 ലക്ഷം രൂപ അടച്ചു



കൽപറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീര്‍ത്ത് കോണ്‍ഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കില്‍ അടച്ചു. എന്‍ എം വിജയന്റെ ബാധ്യത സെപ്റ്റംബര്‍ 30ന് മുന്‍പായി അടച്ച് തീര്‍ത്തില്ലെങ്കില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ സത്യഗ്രഹം നടത്തുമെന്ന് വിജയന്റെ കുടുംബം കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കുടിശ്ശിക തീര്‍ക്കാന്‍ കോണ്‍ഗ്രസിന് നിയമപരമായ ഉത്തരവാദിത്തം ഇല്ലെങ്കിലും ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ ബാധ്യത ഏറ്റെടുക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം വിശദീകരിച്ചിരുന്നത്. തന്റെ പിതാവ് പാര്‍ട്ടിക്ക് വേണ്ടിയുണ്ടാക്കിയ ബാധ്യത തങ്ങളുടെ തലയിലിടാന്‍ നോക്കുന്നതായി വിജയന്റെ മരുമകള്‍ പത്മജ ആരോപിച്ചിരുന്നു. 2007 കാലഘട്ടത്തില്‍ എന്‍ എം വിജയന്‍ എടുത്ത ലോണ്‍ ബിസിനസ് ആവശ്യങ്ങള്‍ക്കല്ല ഉപയോഗിച്ചതെന്നാണ് കുടുംബം പറയുന്നത്. പാര്‍ട്ടിക്കായി വരുത്തിവച്ച കടം തങ്ങളുടെ ബാധ്യതയാകുന്നുവെന്ന് ആരോപിച്ച് പത്മജ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഏറെ ചര്‍ച്ചയായിരുന്നു.

ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K