21 September, 2025 07:50:23 PM
വാക്കുതർക്കം: മലയാളി യുവാവ് ദമ്മാമിൽ കൊല്ലപ്പെട്ടു

ദമ്മാം: സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സൗദി സ്വദേശിയായ യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ് തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു. ദമാം ബാദിയയിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഖിലും സൗദി സ്വദേശിയായ യുവാവും തമ്മിൽ വാക്കുതർക്കമുണ്ടായത്.
സൗദി സ്വദേശിയുമായുള്ള വാക്കുതർക്കത്തിന് പിന്നാലെ അകിൽ സ്റ്റെയർകെയ്‌സ് പടികളിൽനിന്ന് വീണാണ് മരിച്ചതെന്നാണ് വിവരം. പിന്നാലെ സൗദി സ്വദേശി ഓടിരക്ഷപെടുകയും ചെയ്തു. ഇരുവരുടെയും സംഘർഷത്തിന് സാക്ഷിയായ ഒരു സുഡാനി പൗരനാണ് പൊലീസിനെ വിവരം ധരിപ്പിച്ചത്. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അതിവേഗ പരിശോധനയിൽ കൊലപാതകിയായ സൗദി പൗരനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി സൗദിയിലെ ദമാമിന് സമീപമുള്ള ഖത്തീഫിൽ എസി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു അഖിൽ. എന്നാൽ സംഭവസ്ഥലത്ത് അഖിൽ എത്തിയതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. സഹപ്രവർത്തകർക്കും ഇക്കാര്യത്തിൽ ധാരണയില്ല. ഖത്തീഫിൽ സന്ദർശക വിസയിൽ അഖിലിനൊപ്പമുണ്ടായിരുന്ന ഭാര്യയും അച്ഛനും അമ്മയും രണ്ടാഴ്ച മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്.
അഖിലിന്റെ സഹോദരൻ ആദർശും ബന്ധുക്കളും ദമാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. അഖിലിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം സംസ്കാരം പിന്നീട് നാട്ടിൽ വെച്ച് നടക്കും.