18 September, 2025 01:59:41 PM


'ഒരു നല്ല വാക്ക്‌പോലും പറഞ്ഞില്ല'; സുരേഷ് ഗോപിയുടെ മറുപടി സങ്കടമുണ്ടാക്കിയെന്ന് ആനന്ദവല്ലി



തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു. 'അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്' - ആനന്ദവല്ലി പറഞ്ഞു.

കഴിഞ്ഞദിവസം രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം എന്നു കിട്ടുമെന്നായിരുന്നു സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്ന് സുരേഷ് ഗോപി മറുപടി നല്‍കി. ഇതോടെ മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോ എന്നു ആനന്ദവല്ലി തിരിച്ചു ചോദിച്ചു. ഇതോടെ 'എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നല്‍കുകയായിരുന്നു. നമ്മള്‍ ഒരു കാര്യം ഒരാളോട് ചോദിച്ചാല്‍, നല്ലൊരു വാക്കില്ലേ, ചേച്ചി അത് കിട്ടും. നല്ലൊരു വാക്ക് പറഞ്ഞില്ല. അതില്‍ ഒരു വിഷമം ഉണ്ട്'- ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു.

'അടുത്തവീട്ടില്‍ പണിക്ക് പോയപ്പോഴാണ് സുരേഷ് ഗോപിയെ കണ്ടത്. സഹകരണ ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് ചോദിച്ചു. അതിന് അദ്ദേഹം നല്ല മറുപടിയും നല്‍കിയില്ല. നല്ലൊരു വാക്കും പറഞ്ഞില്ല. അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുകയാണ്. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അത് ഒരു വിഷമം ഉണ്ട്. നമ്മള്‍ ഒരു കാര്യം ചോദിച്ചപ്പോള്‍.നല്ലൊരു വാക്കില്ലേ. ഒരാളോട് ഒരു കാര്യം ചോദിക്കുമ്പോള്‍, ചേച്ചി അത് കിട്ടും'- ആനന്ദവല്ലിയുടെ വാക്കുകള്‍.

അതിനിടെ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. 'കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങള്‍ക്കു തരാനുള്ള സംവിധാനം ഒരുക്കാന്‍ തയാറുണ്ടെങ്കില്‍, ആ പണം സ്വീകരിക്കാന്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാന്‍ ഇത് പറയുന്നത്. അല്ലെങ്കില്‍ നിങ്ങളുടെ എംഎല്‍എയെ കാണൂ'- സുരേഷ് ഗോപി പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രിയെ തിരക്കി പോകാന്‍ തനിക്ക് പറ്റുമോ എന്ന് വയോധിക ചോദിച്ചത്. ഉടന്‍ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ, ''എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,. നിങ്ങളുടെ മന്ത്രി ഇവിടെയല്ലേ താമസിക്കുന്നത്''- ഇതോടെ ചുറ്റും കൂടിനിന്നവര്‍ എല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്തു.

തുടര്‍ന്നു 'ഞങ്ങളുടെ മന്ത്രിയല്ലേ സര്‍ നിങ്ങള്‍' എന്ന് ആനന്ദവല്ലി ചോദിച്ചതോടെ വീണ്ടും മറുപടി എത്തി. ''അല്ല. ഞാന്‍ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാന്‍ അതിനുള്ള മറുപടിയും നല്‍കി കഴിഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാന്‍ പറയൂ. എന്നിട്ട് നിങ്ങള്‍ക്ക് വീതിച്ച് തരാന്‍ പറയൂ''- സുരേഷ് ഗോപി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940