17 September, 2025 03:50:34 PM
'ചേച്ചി അധികം വർത്തമാനം പറയണ്ട'; സഹായം തേടിയ വയോധികയെ പരിഹസിച്ച് സുരേഷ് ഗോപി

തൃശൂർ: കൊടുങ്ങല്ലൂർ കലുങ്ക് സൗഹൃദ സദസിൽ വീണ്ടും വിവാദം. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ വയോധികയെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പരിഹസിച്ചു. 'ചേച്ചി അധികം വർത്തമാനം പറയണ്ട, ഇഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ 'എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് സുരേഷ് ഗോപി ചോദിച്ചു. ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധികയുടെ മറു ചോദ്യം. അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്ന് സുരേഷ് ഗോപിയുടെ മറുപടി. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഇരിങ്ങാലക്കുടയിലെ പരിപാടിക്കിടെ ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്.