13 September, 2025 03:58:25 PM
എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. നിലവില്‍ പത്മജയെ ബത്തേരി വിനായക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്. സംഭവത്തില്‍ പൊലീസെത്തി മൊഴിയെടുത്തു. 'കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞദിവസം കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം രംഗത്തുവന്നിരുന്നു. നേതാക്കൾ പറഞ്ഞ് പറ്റിച്ചുവെന്ന് മരുമകൾ പത്മജ പറഞ്ഞിരുന്നു.കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എൻ എം വിജയന്റെ മരുമകള്‍ പത്മജയുടെ ആരോപണം. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറയുന്നു.
ഡിസംബർ 25-നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോൺഗ്രസ് നേതാക്കൾക്ക് കുരുക്കായത്.