13 September, 2025 02:10:42 PM


കോഴിക്കോട് വിജിൽ നരഹത്യാ കേസ്: രണ്ടാം പ്രതി രഞ്ജിത് പിടിയിൽ



കോഴിക്കോട്: എലത്തൂർ വിജിൽ നരഹത്യാക്കേസിലെ രണ്ടാം പ്രതി പിടിയിൽ. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. തെലങ്കാനയിലെ കമ്മത്ത് നിന്നുമാണ് പ്രതി പിടിയിലായത്. കേസിലെ ഒന്നും മൂന്നും പ്രതികൾ നേരത്തെ പിടിയിലായിരുന്നു. വിജിലിൻ്റെ ഉറ്റ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വെങ്ങേരി സ്വദേശി ദീപേഷ് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്.

പിടിയിലായ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ വിജിലിന്റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. പല്ല്, നട്ടെല്ല് തുടങ്ങിയ അസ്ഥികളാണ് സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. തിരച്ചിൽ തുടങ്ങി ഏഴാമത്തെ ദിവസമാണ് മൃതദേഹവിശിഷ്ടങ്ങൾ കണ്ടെത്തുന്നത്. നേരത്തെ നടത്തിയ തിരച്ചിലിൽ കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ല് കണ്ടെത്തിയിരുന്നു.

അമിത ലഹരി ഉപയോഗത്തെ തുടർന്ന് വിജിൽ മരിക്കുകയും തുടർന്ന് സുഹൃത്തുക്കളായ പ്രതികൾ ചേർന്ന് കുഴിച്ചിടുകയും ചെയ്തു എന്ന് മൊഴി നൽകിയതിനെ തുടർന്നതിനാലാണ് സരോവരത്തെ ചതുപ്പിൽ പരിശോധന നടത്തിയത്. വിജിൽ സ്വയം നാടുവിട്ടു പോയതാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനായി വിജിലിൻ്റെ ഇരുചക്ര വാഹനം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയിരുന്നു. പിന്നാലെ നടത്തിയ തെളിവെടുപ്പിൽ വിജിലിൻ്റെ ബൈക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2019 മാർച്ച്‌ 24 മുതലാണ് വിജിലിനെ കാണാതാകുന്നത്. പ്രതികളും വിജിലും ചേർന്ന് ബ്രൗണ്‍ഷുഗര്‍ ഉപയോഗിച്ചു. ലഹരി അമിതമായി ഉപയോഗിച്ചത് മൂലം വിജില്‍ അവിടെ വെച്ച് മരിക്കുകയും ഉടന്‍ തന്നെ യുവാവിൻ്റെ ദേഹത്ത് കരിങ്കല്ല് കെട്ടിക്കൊണ്ട് ഒരു ചതുപ്പില്‍ താഴ്ത്തിയെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. കേസിൽ വിജിലിനെ കാണിനില്ലെന്ന് പറഞ്ഞുകൊണ്ട് പിതാവ് നേരത്തെ തന്നെ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K