28 August, 2025 12:21:31 PM


‌മാലിന്യ സംഭരണിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: പ്രതി രാജേഷ് പിടിയിൽ



കോതമംഗലം: ഊന്നുകല്‍ ശാന്ത കൊലക്കേസില്‍ പ്രതി പിടിയില്‍. ഒളിവിലായിരുന്ന പ്രതി രാജേഷാണ് പിടിയിലായത്. കൊച്ചിയില്‍ നിന്ന് കുറുപ്പംപൊടി പൊലീസാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ഇതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. കോതമംഗലത്തെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. ഇയാളെ അന്വേഷിച്ച് പൊലീസ് ഹോട്ടലില്‍ എത്തിയിരുന്നെങ്കിലും കടന്നുകളയുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു വേങ്ങൂര്‍ സ്വദേശിനിയായ ശാന്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുപ്പംപടി സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കള ഭാഗത്ത് മാലിന്യസംഭരണിക്കുള്ളില്‍ തള്ളിക്കയറ്റിയ നിലയില്‍ ശാന്തയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തലയുടെ പിന്‍ഭാഗത്ത് അടിയേറ്റാണ് ശാന്ത മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവര്‍ ധരിച്ചിരുന്ന പന്ത്രണ്ട് പവനോളം സ്വര്‍ണം നഷ്ടമായതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്വര്‍ണത്തിന് വേണ്ടി രാജേഷ് ശാന്തയെ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ നിഗമനം. നഷ്ടമായ സ്വര്‍ണ്ണം അടിമാലിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശാന്തയും രാജേഷും തമ്മില്‍ വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഇക്കഴിഞ്ഞ പതിനെട്ടിന് വേങ്ങൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ശാന്ത. എന്നാല്‍ പിന്നീട് മടങ്ങിയെത്തിയില്ല. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ശാന്തയ്ക്കായി അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശാന്തയുടെ കഴുത്തിന്റെ ഭാഗത്ത് തൈറോയ്ഡ് ചികിത്സക്കായി നടത്തിയ പാട് കണ്ടാണ് മകനും മകളും മൃതദേഹം തിരിച്ചറിഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K