26 August, 2025 08:35:57 PM
സ്വകാര്യ ലാബില്‍ കയറി ജീവനക്കാരിയെ കടന്നു പിടിച്ചു; പരപ്പനങ്ങാടി സ്വദേശി പിടിയില്‍

കോഴിക്കോട്: ഉള്ള്യേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ലാബ് ജീവനക്കാരിക്കെതിരെ അതിക്രമം നടത്തിയ കേസിലെ പ്രതി പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്. ഉള്ള്യേരി - പേരാമ്പ്ര റോഡിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയോടാണ് യുവാവ് അതിക്രമം കാണിച്ചത്. ഇവര്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ ആറരയോടെയാണ് ലാബില്‍ അതിക്രമമുണ്ടായത്. ലാബിലെ അതിക്രമത്തിനു പിന്നാലെ മുഹമ്മദ് ജാസിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. കുന്ദമംഗത്തുവച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. പ്രതി ജീവനക്കാരിയെ കടന്നുപിടിക്കുന്നതും പിന്നാലെ ലാബില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ലാബ് തുറക്കാനെത്തിയ യുവതിയോട് സംസാരിച്ച ശേഷം ഫോണില്‍ സംസാരിക്കുന്നതായി ഭാവിച്ച് ഇയാള്‍ പുറത്തിറങ്ങി ആരുമില്ലെന്ന് ഉറപ്പാക്കി. പിന്നാലെ ലാബിനുള്ളില്‍ കയറി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ചെറുത്തതതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി വസ്ത്രം ഉള്ള്യേരി അങ്ങാടിക്കടുത്ത് ഉപേക്ഷിച്ചിരുന്നു. ഇതില്‍ നിന്നു ലഭിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.