26 August, 2025 09:08:02 AM
ഇടുക്കിയിൽ ഗൃഹനാഥനെ അയൽവാസിയായ യുവാവ് വെട്ടിക്കൊന്നു

ഇടുക്കി: ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു. ഓലിക്കൽ സുധൻ (60) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാളെ രാജാക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് സമീപവാസിയായ കുളങ്ങരയിൽ അജിത്താണ് സുധനെ വെട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ബൈസൺവാലി ചൊക്രമുടി പാറക്കടവ് ഭാഗത്ത് സുധനെ റോഡിൽ വെട്ടേറ്റ് വീണനിലയിൽ കണ്ടത്. ഉടൻ തന്നെ രാജാക്കാട് പൊലീസ് സ്ഥലത്തെത്തി സുധനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുധനും അയൽവാസിയായ അജിത്തും തമ്മിൽ തർക്കമുണ്ടായിരുന്നു. അയൽവാസിയുടെ വീടിന് മുമ്പിലാണ് സുധനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ആദിവാസികളാണ് വെട്ടേറ്റ് കിടന്ന സുധനെ ആദ്യം കാണുന്നത്. തുടർന്ന് പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.