23 August, 2025 01:27:37 PM
ധര്‍മസ്ഥല കേസ്: പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍

ബെംഗളൂരു: ധർമ്മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ നടത്തിയ ആളുടെ പേര് പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു.
കർണ്ണാടക എസ്.ഐ.ടി-യാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇന്ന് വൈകുന്നേരം മജിസ്‌ട്രേറ്റിന് മുന്നിൽ സി എൻ ചിന്നയ്യയെ ഹാജരാക്കും. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പരാതിക്കാരനെ വൈദ്യപരിശോധനയും നടത്തും.
ഇന്നലെ രാവിലെ 10 മണി മുതൽ ഇന്ന് പുലർച്ചെ 5 മണി വരെയാണ് എസ്‌ഐടി മേധാവി പ്രണവ് മൊഹന്തി പരാതിക്കാരനെ ചോദ്യം ചെയ്തത്. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്. ധർമ്മസ്ഥയിൽ നൂറോളം മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് മുൻ ശുചീകരണ തൊഴിലാളി നൽകിയ മൊഴി. ഇതിനെ തുടർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
1998 നും 2014 നും ഇടയിൽ നിരവധി പ്രായപൂർത്തിയാകാത്ത കുട്ടികളെയും സ്ത്രീകളെയും അടക്കം ചെയ്തിട്ടുണ്ടെന്നാണ് ഇയാള് എസ്‌ഐടിയോട് വെളിപ്പെടുത്തിയിരുന്നത്. അവകാശപ്പെട്ട 15 സംശയാസ്പദമായ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ആറാം നമ്പർ സ്ഥലത്ത് ഒരു പുരുഷന്റെ അസ്ഥികൂടം മാത്രമാണ് കണ്ടെത്തിയത്.