15 August, 2025 09:38:22 AM


മലപ്പുറത്ത് ആയുധങ്ങളുമായെത്തിയ സംഘം കാർ തടഞ്ഞ് 2 കോടി കവര്‍ന്നു



മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോള്‍ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു തകര്‍ത്ത് ബാഗില്‍ സൂക്ഷിച്ച പണം കവര്‍ന്നെടുക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.

തിരൂരങ്ങാടി തെയ്യാനിക്കല്‍ ഹൈസ്‌കൂള്‍ പടിയില്‍ വച്ചാണ് പണം കവര്‍ന്നത്. അറയ്ക്കല്‍ സ്വദേശി മുഹമ്മദ് ഹനീഫ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് ഒരു കോടി 95 ലക്ഷം രൂപയുമായി കാറില്‍ സഞ്ചരിച്ചത്. കൊടിഞ്ഞിയില്‍ മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള വസ്തു വിറ്റ പണമാണ് നഷ്ടമായത്. ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാറിലെത്തിയ സംഘം തടയുകയും വടികളും വാളും ഉപയോഗിച്ച് വാഹനം തകര്‍ത്ത് പണം കവരുകയായിരുന്നു. 

കേസെടുത്ത താനൂര്‍ പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചുവരികയാണ്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് സൂചിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K