14 August, 2025 09:23:42 AM
ഫറോക്കിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ

ഫറോക്ക്: കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയിൽ. പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയുമായി നാടുവിട്ട കേസിലെ പ്രതിയായ അസം സ്വദേശി പ്രസൻജിത്തിനെ (20) ആണ്. ഫറോക്ക് സ്‌കൂളിനു സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. അസമിലെ ബിഷ്ണുപൂർ സ്വദേശിയാണ് പ്രസൻജിത്ത്.
ബുധൻ രാത്രി ഏഴരയോടെയാണ് സംഭവം. സ്റ്റേഷന് പിൻവശത്തുള്ള കോണിക്കൂടിന് സമീപത്തെ വാതിൽ വഴിയാണ് പ്രതി രക്ഷപ്പെട്ടത്. സിറ്റി പൊലീസ് സ്ക്വാഡ്, അസി. കമീഷണർ സ്ക്വാഡ് ഉൾപ്പെടെ പ്രതിക്കായി ഊർജിത തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വ്യാഴാഴ്ച്ച പുലർച്ചെ 2.45ഓടെ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്കൂൾ വിദ്യാർഥിനിയുമായി നാടുവിട്ട ഇയാളെ പെൺകുട്ടിയോടൊപ്പം ബംഗളൂരുവിന് സമീപം കലാസിപ്പാളയത്തുനിന്ന് പിടികൂടിയാണ് ഫറോക്കിൽ എത്തിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് രക്ഷപ്പെടൽ.