07 August, 2025 08:38:07 PM


സ്റ്റേഷനിൽ നിന്ന് ഓടിപ്പോയ എംഡിഎംഎ കേസിലെ പ്രതിയും ഭാര്യയും പിടിയിൽ



കൊല്ലം: സ്റ്റേഷന് മുന്നില്‍ സ്‌കൂട്ടറുമായി എത്തി പ്രതിയുമായി രക്ഷപ്പെട്ട സംഭവത്തില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍. കഴിഞ്ഞ ദിവസമായിരുന്നു ലഹരി കേസില്‍ പിടിയിലായ പ്രതി ഭാര്യയ്‌ക്കൊപ്പം രക്ഷപ്പെട്ട് പോയത്. കല്ലുംതാഴം സ്വദേശി അജു മണ്‍സൂര്‍, ഭാര്യ ബിന്‍ഷ എന്നിവരാണ് പിടിയിലായത്. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു പ്രതി ചാടിപ്പോയത്. തമിഴ്‌നാട് പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.

എംഡിഎംഎ കേസില്‍ അജുവിന്റെ ഭാര്യ ബിന്‍ഷയും നേരത്തെയും പിടിയിലായിട്ടുണ്ട്. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിൽ തുടർച്ചയായി ഉൾപ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് (പിറ്റ് എൻഡിപിഎസ്) നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. പിറ്റിൻ്റെ ഫോമുകളിൽ പ്രതിയെക്കൊണ്ട് ഒപ്പിടീക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് സ്റ്റേഷനിൽനിന്ന് ഇയാൾ ഇറങ്ങിയോടുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K