02 August, 2025 10:31:38 AM


വളാഞ്ചേരിയില്‍ ബസിൽ കോളജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ



വളാഞ്ചേരി: സ്വകാര്യബസില്‍ വച്ച് കോളേജ് വിദ്യാര്‍ഥിനിക്കുനേരേ ദേഹോപദ്രവം നടത്തിയ 48-കാരൻ പിടിയിൽ. കുറ്റിപ്പുറത്തിനടുത്ത് കാലടി തൃക്കണാപുരം സ്വദേശി ചുള്ളിയില്‍ ഷക്കീറാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ വളാഞ്ചേരി സ്റ്റേഷന്‍ ഓഫീസര്‍ ബഷീര്‍ സി. ചിറക്കലും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

തിരൂര്‍-വളാഞ്ചേരി റൂട്ടിലോടുന്ന മലാല ബസില്‍വെച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വെട്ടിച്ചിറ മുതല്‍ വിദ്യാര്‍ഥിനിക്കുനേരേ ഉപദ്രവം തുടങ്ങിയ പ്രതി കാവുംപുറത്ത് ഇറങ്ങി. ഇതേപ്പറ്റി പെൺകുട്ടി കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. തുടർന്ന് പെണ്‍കുട്ടി വളാഞ്ചേരി സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ ശേഖരിച്ചിരുന്നു. കൂടാതെ സംഭവത്തിൽ കണ്ടക്ടര്‍ സമയോചിതമായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതേത്തുടര്‍ന്ന് വളാഞ്ചേരി-തിരൂര്‍ റൂട്ടില്‍ രണ്ടു ദിവസമായി ബസ് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923