30 July, 2025 10:08:32 AM
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചായിരുന്നു അന്വേഷണം നടന്നത്.
പ്രതിയെ തിരിച്ചറിഞ്ഞതായി കൊല്ലം സിറ്റി പൊലീസ് അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന യുവതിക്ക് നേരെ പ്രതി നഗ്നതാ പ്രദർശനം നടത്തിയത്. ഇയാളുടെ പ്രവർത്തികൾ യുവതി മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
യാത്രക്കാരി പകർത്തിയ നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചതോടെ പൊലീസെത്തും മുമ്പേ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.