29 July, 2025 06:50:14 PM


കുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ പൈലറ്റിനെ കോക്ക്പിറ്റിൽ നിന്ന് പിടികൂടി



വാഷിങ്ടണ്‍: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ പൈലറ്റിനെ കോക്ക്പിറ്റില്‍ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജനായ റസ്തം ഭാഗ്‌വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടനെ അറസ്റ്റ് ചെയ്തത്.

വിമാനം ലാന്‍ഡ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ കോക്ക്പിറ്റില്‍ കയറിയാണ് അധികൃതര്‍ പൈലറ്റിനെ കസ്റ്റഡിയിലെടുത്തത്. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് റസ്തം ഭാഗ്‌വാഗറിനെതിരെയുള്ള കേസ്.

ഞായറാഴ്ച രാവിലെ ഏഴു മണിയോടെ മിനിയാപോളിസില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 757-300 വിമാനത്തിലെ പൈലറ്റായിരുന്നു റസ്തം. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങവെയാണ് റസ്തത്തെ കസ്റ്റഡിയിലെടുത്തത്.

കോണ്‍ട്ര കോസ്റ്റ കൗണ്ടി ഷെറീഫ് ഉദ്യോഗസ്ഥരും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഏജന്റുമാരുമാണ് വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയത്. തോക്കുകളുമായെത്തിയ ഏജന്റുമാര്‍ കോക്ക് പിറ്റിലേക്ക് കടക്കുകയായിരുന്നു. കൈവിലങ്ങ് വെച്ച പൈലറ്റുമായാണ് തിരിച്ചിറങ്ങിയത്.

റസ്തത്തിന്റെ കൂടെയുണ്ടായിരുന്ന പൈലറ്റിന് അറസ്റ്റിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. രക്ഷപ്പെടാന്‍ ഒരു അവസരവും പ്രതിക്ക് നല്‍കരുതെന്നതിനാലാണ് പൊലീസ് തങ്ങളുടെ നീക്കങ്ങള്‍ രഹസ്യമാക്കിവെച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2025 ഏപ്രിലിലാണ് റസ്തത്തിനെതിരെ അന്വേഷണം ആരംഭിച്ചത്. അഞ്ചോളം തവണ റസ്തം കുട്ടിയെ പീഡിപ്പിച്ചെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് റസ്തത്തിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത റസ്തത്തെ മാര്‍ട്ടിനസിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി. റസ്തത്തെ സസ്‌പെന്‍ഡ് ചെയ്തതായി ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരോട് ഒരു വിട്ടുവീഴ്ചയുമില്ല. അന്വേഷണ ഏജന്‍സികളുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K