28 July, 2025 09:47:45 AM


ജർമനിയിൽ ട്രെയിൻ പാളം തെറ്റി, 4 പേർ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്



ബര്‍ലിന്‍: ജര്‍മനിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 4 പേര്‍ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബാഡന്‍ വ്രെറ്റംബര്‍ഗില്‍ ഞായറാഴ്ച്ചയായിരുന്നു അപകടം നടന്നത്. വൈകുന്നേരം 6.10 ഓടെ ഫ്രഞ്ച് അതിര്‍ത്തിയായ ബിബെറാച്ച് ജില്ലയില്‍വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്.

ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, സിഗ്മറിംഗനില്‍ നിന്ന് ഉല്‍മിലേക്ക് പോകുന്നതിനിടെയാണ് റീജിയണല്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. രണ്ട് ബോഗികളാണ് പാളം തെറ്റിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നൂറിലധികം പേര്‍ ആ സമയം ട്രെയിനിലുണ്ടായിരുന്നു. അപകടമുണ്ടായ ഉടനെ അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും ഉള്‍പ്പെടെ സ്ഥലത്തെത്തി. അപകടം നടന്ന സ്ഥലത്തെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

പാളം തെറ്റിയ ട്രെയിനിന്റെ ബോഗികള്‍ ട്രാക്കിന് പുറത്ത് കാട്ടിലേക്ക് തെറിച്ചു. ഒരു ബോഗിയുടെ മേല്‍ഭാഗം പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ നിലയില്‍ ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലാണോ ട്രെയിന്‍ അപകടത്തിന് കാരണമെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്. 'ഇവിടെ കനത്ത മഴയുണ്ടായിരുന്നു. മഴയും അതിനോടനുബന്ധിച്ച് ഉണ്ടായ മണ്ണിടിച്ചിലുമാണോ ട്രെയിന്‍ അപകടത്തിന് കാരണമെന്ന സംശയം തളളിക്കളയാനാകില്ല'-ബാഡന്‍ വ്രെറ്റംബര്‍ഗ് ആഭ്യന്തരമന്ത്രി തോമസ് സ്‌ട്രോബിള്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930