19 July, 2025 03:05:55 PM
വാക്കുതർക്കം; യുവതിയെ ഗുഡ്സ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി, പ്രതി അറസ്റ്റിൽ

താനെ: ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ ഗുഡ്സ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ താനെ ദിവ റെയിൽവെ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. പ്രതിയായ 39 കാരൻ രാജൻ സിംഗിനെ അറസ്റ്റ് ചെയ്തതായി താനെ റെയിൽവെ പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബഹളം കേട്ടാണ് സമീപത്തുള്ള പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന രണ്ട് റെയിൽവെ കൺസർവൻസി ജീവനക്കാർ റെയിൽവെ പൊലീസിനെ വിവരമറിയിച്ചത്. പ്രതി സ്റ്റേഷൻ പരിസരത്ത് നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ദിവ ഈസ്റ്റിലെ താമസക്കാരനായ ഡ്രൈവറായ രാജൻ ശിവ്‌നാരായൺ സിംഗ് എന്ന പ്രതി സ്ത്രീയെ ബലപ്രയോഗത്തിലൂടെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
യുവതി ഇയാളുടെ ആക്രമത്തെ എതിർത്തോടെ തർക്കമായെന്ന് പൊലീസ് പറയുന്നു. പ്ലാറ്റ്‌ഫോമിൽ വെച്ച് കെട്ടിപ്പിടിക്കാൻ ശ്രമിച്ചതോടെ അവർ എതിർത്തു. കോപാകുലനായ പ്രതി വീണ്ടും അവരെ പിടിച്ചുനിർത്താൻ ശ്രമിച്ചു. അവർ വീണ്ടും എതിർത്തപ്പോൾ അയാൾ വലിച്ചിഴച്ച് ഗുഡ്സ് ട്രെയിൻ കടന്നുപോകുമ്പോൾ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും താനെ റെയിൽവേ പൊലീസിലെ സീനിയർ ഇൻസ്പെക്ടർ അർച്ചന ദുസാനെ പറഞ്ഞു.